അമര്ഷമിപ്പഴും കത്തിപ്പടരുന്നുണ്ട് യുക്തി തൂങ്ങി മരിച്ച മരത്തണലിൽ തല തല്ലികരയുന്ന മനസ്സ് ഭ്രാന്തിയാമെന്റെ ചിന്തകളെ പിന്തുടരുന്നു. എന്റെയുള്ളിലെരിയുന്ന അഗ്നി നിനക്കൊപ്പം നിന്റെ തന്തയുടെ തലയോട്ടിയും കരിച്ചുണക്കും. പാപങ്ങളുടെ കാവല്ക്കാരും ചാമ്പലാവണമെന്നത് എന്റെ ന്യായം. അടിയാത്തിപ്പെണ്ണിന്റെ ഉദരത്തിൽ ജന്മിത്വത്തിന്റെ സ്വർണ്ണവല്ലരി തളിർത്തത് നിന്റെ അറിവോടെയല്ലായിരുന്നോ? പത്തായപ്പുരയിലെ ഇരുട്ടിൽ അവളുടെ നാവു അറുക്കപ്പെട്ടപ്പഴും അടിവയറ്റിൽ ഉലക്കകൊണ്ടു തൊഴിച്ചപ്പഴും നീ മൂകനായിരുന്നു. നിനക്ക് സംരക്ഷിക്കേണ്ടിയിരുന്നത് അപലയാമിവളുടെ കണ്ണീരുറഞ്ഞ ജന്മിത്വത്തിന്റെ കാടത്തരങ്ങളായിരുന്നു. അടിയാനെ തല്ലിക്കൊന്നാലും ചുട്ടുകൊന്നാലും വെന്ത മാംസക്കഷ്ണങ്ങൾ വളർത്തുപട്ടിയെകൊണ്ട് തീറ്റിക്കുന്ന നിന്റെ ധാർഷ്ട്യം നീതിയുടെ കണ്ണ് പൊത്തും. നാലാം നാൾ കുളക്കരയിൽ വീർത്തു പൊന്തിയ ശവത്തിന്റെ വയറു കീറി പുറത്തുചാടി കുഞ് ചിരിച്ചുകൊണ്ടായിരുന്നു ചത്തത്. മീനുകൾക്കന്നുത്സവമായിരുന്നു. കണ്ണും കരളും ഹൃദയവും അവർ പങ്കുവെച്ചു.